Shaji Kailas Prithviraj Godse Dcompany

പൃഥ്വിയുടെ പുതിയ ചിത്രം വിവാദമാകും

പുതിയൊരു സിനിമ തിയറ്ററില്‍ എത്തുമ്പോഴോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോളോ താരസംഘടനയായഅമ്മയുടെ യോഗം ചേരുമ്പോഴോ മാത്രമേ മലയാള സിനിമയില്‍ വിവാദമുണ്ടാകാറുള്ളൂ. സിനിമയുടെ പേരു പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിവാദമുണ്ടാകുക അപൂര്‍വമായിരിക്കും. സിനിമയുടെ പേരു കേട്ടപ്പോള്‍ തന്നെ പലരും നെറ്റിച്ചുളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഷാജി കൈലാസും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ഗോഡ്‌സെയെന്ന ചിത്രമാണ് മലയാളത്തില്‍ വിവാദത്തിനു തുടക്കമിടാന്‍ പോകുന്ന പുതിയ ചിത്രം.
ഗാന്ധിജിയും അദ്ദേഹത്തിന്റെ ഘാതകന്‍ ഗോഡ്‌സെയും എന്നും വിവാദമാണ്. ഗോഡ്‌സെയെക്കുറിച്ചൊരു നാടകം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ വന്നപ്പോള്‍ ഉണ്ടായ ബഹളം അടങ്ങിയത് ഏറെ കഴിഞ്ഞായിരുന്നു. ആ നാടകം പുസ്തക രൂപത്തിലിറങ്ങിയപ്പോള്‍ അത് വില്‍ക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഗോഡ്‌സെയെക്കുറിച്ച് ചിത്രമൊരുങ്ങാന്‍ പോകുന്നു.
ചരിത്രസിനിമകള്‍ എന്നും വിവാദമേ ഉണ്ടാക്കിയിട്ടുള്ളൂ. മോഹന്‍ലാല്‍ നായകനായ കാലാപാനി, മമ്മൂട്ടി നായകനായ പഴശ്ശിരാജ, പൃഥ്വി തന്നെ നായകനായ ഉറുമി എന്നിവയെല്ലാം ചരിത്രത്തെ വളച്ചൊടിച്ചു എന്ന ആരോപണം ധാരാളം കേട്ട ചിത്രമായിരുന്നു. ഗോഡ്‌സെയെ നായകനാക്കുമ്പോള്‍ ഈ വാദം അല്‍പം കൂടുതലാകുമെന്നതില്‍ സംശയം വേണ്ട. വിവാദമുണ്ടാക്കാന്‍ തന്നെ ലക്ഷ്യമിട്ടായിരിക്കും ഷാജി കൈലാസ് ഇത്തരമൊരു ഉദ്യമം നടത്തുന്നത്. അടുത്ത കാലത്ത് ഹിറ്റൊന്നും സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ഷാജി വിവാദ സിനിമയോടെ ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കുകയായിരിക്കും.
ഗാന്ധിയെ വധിക്കുക എന്ന ചിന്ത ഈ യുവാവില്‍ എങ്ങനെയെത്തി എന്നതാണ് ചിത്രത്തിന്റെ പ്രമേയം. തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല. ഷാജിയും പൃഥ്വിയും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ്. ആദ്യചിത്രമായ രഘുപതി രാഘവ രാജാറാം പാതി ചിത്രീകരണം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ ചിത്രമായ സിംഹാസനം ചിത്രീകരണം പൂര്‍ത്തിയായി ഓണത്തിനു മുന്നോടിയായി തിയറ്ററിലെത്തും.
ഷാജി കൈലാസ് കഥയും തിരക്കഥയുമൊരുക്കുന്ന ആദ്യചിത്രമാണിത്. സായികുമാറാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും മുന്‍പേ സംവിധായകനും പൃഥ്വിയും തമ്മില്‍ തെറ്റിപ്പിരിഞ്ഞുവെന്ന അപഖ്യാതി പരന്നിരുന്നു. പക്ഷേ അതെല്ലാം സംവിധായകന്‍ നിഷേധിച്ചിരുന്നു. അപഖ്യാതി തെറ്റാണെന്നു തെളിയിക്കുകയാണ് ഗോഡ്‌സെയുടെ പ്രഖ്യാപനം.
ജയറാമിനെ നായകനാക്കി മദിരാശിയെന്ന ചിത്രമൊരുക്കുകയാണ് ഷാജിയിപ്പോള്‍. മീരനന്ദനാണ് നായിക. രാജേഷ് ജയരാമനാണ് കഥയും തിരക്കഥയുമൊരുക്കുന്നത്. മുഴുനീള ഹ്യൂമര്‍ ആക്ഷന്‍ ത്രില്ലറാണ് മദിരാശി. മീരാനന്ദന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രം. മദിരാശിക്കു ശേഷമായിരിക്കും ഗോഡ്‌സെയുടെ ചിത്രീകരണം തുടങ്ങും. ഉറുമിക്കു ശേഷം പൃഥ്വി കൈകാര്യം ചെയ്യുന്ന ശക്തമായ കഥാപാത്രായിരിക്കും ഗോഡ്‌സെയില്‍. മുന്‍പ് കമല്‍ഹാസന്‍ ഹേ റാം എന്ന ചിത്രത്തിലായിരുന്നു ഗാന്ധിവധം ചിത്രീകരിച്ചത്. ഏറെ വിവാദങ്ങള്‍ വരുത്തിവച്ച ചിത്രമായിരുന്നു അത്. അതുകൊണ്ടു തന്നെ ഷാജി- പൃഥ്വി കൂട്ടുകെട്ടിലെ ചിത്രവും വിവാദം നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം.
അടുത്തിടെ ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത ഷാജി പുതുമകള്‍ തേടുകയാണിപ്പോള്‍. അതിന്റെ ഭാഗമായിരുന്നു സ്വന്തം തിരക്കഥയില്‍ ചിത്രമൊരുക്കലും ആദ്യകാല സുഹൃത്തായ ജയറാമിനെ നായകനാക്കലുമെല്ലാം. സൗഹൃദം, കിലുക്കാംപ്പെട്ടി എന്നിവയിലായിരുന്നു ഷാജി ജയറാമിനെ മുമ്പ് നായകനാക്കിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്.
അടുത്തിടെ ഹിറ്റൊന്നുമില്ലാതിരുന്ന ജയറാമിനും മദിരാശിയില്‍ ഏറെ പ്രതീക്ഷയാണുള്ളത്. തിരുവമ്പാടി തമ്പാന്റെ പരാജയം ജയറാമിന് ചില്ലറ ദോഷമൊന്നുമല്ല ഉണ്ടാക്കിയത്. അനില്‍ സംവിധാനം ചെയ്യുന്ന മാന്ത്രികന്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഇതും ജയറാമിന്റെ പതിവു രീതിയിലുള്ളചിത്രമാണ്. ആക്ഷന്‍ ത്രില്ലറിലേക്കുള്ള ജയറാമിന്റെ ചുവടുവയ്പ്പ് തെറ്റിപ്പോകില്ലെന്ന് പ്രതീക്ഷിക്കാം.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...