ചപ്പാത്തിയും ചിക്കനും അപ്പവും മുട്ടക്കറിയും ബിരിയാണിയുമൊക്കെ മിതമായ നിരക്കില്‍ ലഭ്യമാക്കി 'സുഭിക്ഷം' ജനപ്രീതി നേടുന്നു..... തീക്കോയി നമ്പുടാകത്തു സതീഷ് ജോര്‍ജാണു ജയില്‍ ചപ്പാത്തിയുടെ മാതൃകയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മിതമായ നിരക്കില്‍ ഭക്ഷണം എത്തിക്കുന്നത്. പതിറ്റാണ്ടിലേറെ നീണ്ട ഗള്‍ഫ് വാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വ്യത്യസ്തവും ആദായകരവുമായി ബിസിനസ് ചെയ്യണമെന്ന മോഹമാണു ഭക
്ഷണ വിതരണത്തിനു സതീഷിനെ പ്രേരിപ്പിച്ചത്. ഇതിനായി ആദ്യം തീക്കോയിലെ വീടിനോടു ചേര്‍ന്ന് അടുക്കളയും മറ്റു സംവിധാനങ്ങളുമൊരുക്കി. രണ്ടു വാഹനങ്ങള്‍ വാങ്ങി. 50 ലക്ഷത്തോളം രൂപയാണു പുതിയ ബിസിനസില്‍ നിക്ഷേപിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ കോട്ടയം, പാലാ പ്രദേശങ്ങളില്‍ ഭക്ഷണം എത്തിച്ചു തുടങ്ങും. ചപ്പാത്തി, അപ്പം, ചിക്കന്‍കറി, വെജിറ്റബിള്‍ കറി, ബിരിയാണി എന്നിവയാണു പ്രധാനമായും വില്‍ക്കുന്നത്. വരുമാനം കുറഞ്ഞവരും എന്നാല്‍, വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവരുമാണു തന്റെ ആവശ്യക്കാരിലേറെയുമെന്നു സതീഷ് പറയുന്നു. നാലു ചപ്പാത്തിയും രണ്ടു കഷണം ചിക്കനുമടങ്ങിയ പായ്ക്കറ്റിനു 35 രൂപയാണ.് കറി മുട്ടയാണെങ്കില്‍ അഞ്ചു രൂപയും വെജിറ്റബിളാണെങ്കില്‍ പത്തു രൂപയും കുറയും. സുഭിക്ഷം എന്ന പേരിലാണു ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത്. ഒരു വാഹനം പാലാ കേന്ദ്രീകരിച്ചും മറ്റൊരു വാഹനം കോട്ടയം കേന്ദ്രീകരിച്ചുമാണു ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിനു മുമ്പായി വിതരണം പൂര്‍ത്തിയാക്കും. ഗള്‍ഫിലും മറ്റും സജീവമായ ഈ പരീക്ഷണം ഇവിടെയും വിജയിക്കുമെന്ന ഉത്തമവിശ്വാസത്തിലാണു സതീഷ്. ഫോണ്‍: 9744116633